കോൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു. തൃണമൂൽ അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ തുടരുന്നതിനിടെയാണ് സുഖേന്ദു ശേഖറിന്റെ രാജി.
അതിനിടെ വിമതഎംപിമാർ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ നീക്കം ആരംഭിച്ചു. വിമതർ ഉടൻ തന്നെ ലോക്സഭാ സ്പീക്കറെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയിലെ കൂട്ടരാജിയും ഭിന്നതയും പാർലമെന്റ് അംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് സൂചന.
എംപിമാർക്കും എംഎൽഎമാർക്കും പിന്നാലെ ബംഗാളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പാർട്ടി വിടാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം പിളർപ്പ് ഒഴിവാക്കാൻ മമതയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.